തെരുവ് നായ്ക്കളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്ന സാലിയുടെ കഥ

By on

കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും ഗുരുതരമായ സാമൂഹ്യ പ്രശ്നമാണ് തെരുവുനായ ശല്യം. ശാശ്വതമായ ഒരു പരിഹാരം കാണാനാകാതെ ഭരണകൂടങ്ങൾ നിസ്സഹായരാകുന്ന പ്രശ്നം. ഓരോ ദിവസവും തിരുവുനായ്ക്കളുടെ അക്രമണത്തിനിരയാകുന്ന ആളുകളുടെ എണ്ണം കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്നയാണ്. ഇതിനോടകം ആക്രമണത്തിൽ ചിലരുടെ ജീവൻ നഷ്ടപ്പെടുക കൂടി ഉണ്ടായി. നിയമ കുരുക്കുകൾ മൂലം തെരുവുനായ്ക്കളെ കൊല്ലാൻ കഴിയാത്ത അവസ്ഥ.

നായ്ക്കളെ ജീവനോടെ പിടിച്ച് വന്ധ്യം കരിക്കൽ എന്ന പ്രക്രിയ മാത്രമേ നിലവിലൊള്ളൂ. അതിനാണെങ്കിൽ ആളെ കിട്ടാനില്ലാത്ത അവസ്ഥ. അക്രമാസക്തരായ തെരുവുനായ്ക്കളെ ജീവനോടെ പിടികൂടുക എന്ന അപകടകരവും സാഹസികവുമായ ദൗത്യത്തിന് മുന്നിൽ പല വീരന്മാരും മുട്ടുമടക്കുന്നിടത്ത് ഒരു പെൺകുട്ടി വന്നിറങ്ങുകയായി. വന്യ മൃഗങ്ങളുടെ ശൗര്യമുള്ള തെരുവ് നായ്ക്കളെ മുയലിനെ പിടിക്കുന്ന ലാഘവത്തിൽ കീഴടക്കുന്ന ഒരു പെൺകുട്ടി.

പേര് സാലി, ജേർണലിസം ഫസ്റ്റ് ക്ലാസ്സോടെ പാസായ സാലി പിന്നീട് തിരഞ്ഞെടുത്തത് അസാധാരണമായ ഒരു കോഴ്സാണ്. ഊട്ടിയിലെ ഡബ്ല്യു.വി.എസില്‍ നിന്ന് നായ പിടിത്തത്തിനുള്ള കോഴ്സ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കി . അതിനു ശേഷം കേരളത്തില്‍ നായ പിടിത്തം എന്ന തൊഴിൽ സ്വീകരിച്ച ഏക വനിതയാണ് സാലി. തൊഴിൽ എന്നതിനപ്പുറം സ്തുത്യർഹമായ ഒരു സാമൂഹിക സേവനം.നൂറു ശതമാനം സന്തോഷത്തോടെയും ആത്മാര്‍ഥതയോടെയുമാണ് ഈ തൊഴില്‍ ചെയ്യുന്നതെന്ന് സാലി പറയുന്നു.

ഇപ്പോള്‍ മലപ്പുറം ജില്ലാ പഞ്ചായത്തിനായി നായകളെ പിടിക്കുന്നു. സന്നദ്ധസംഘടനയായ ഹ്യൂമേയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണലാണ് ജില്ലയില്‍ പേവിഷ പ്രതിരോധ-മൃഗജനന നിയന്ത്രണ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന എട്ടംഗ സംഘമുണ്ട്. സംഘത്തിലെ ഡോഗ് ക്യാച്ചര്‍ എന്ന തസ്തികയാണ് സാലിയുടേത്. ആറ് നായ പിടിത്തക്കാരില്‍ ഏക വനിതയും ഏക മലയാളിയും സാലി തന്നെ.

ഒരു നായയെ പിടിച്ച്‌ പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് വന്ധ്യംകരിച്ച്‌ തെരുവില്‍ വിട്ടാല്‍ തദ്ദേശ സ്ഥാപനം 1,300 രൂപ നൽകും . മലപ്പുറം ജില്ലയില്‍ മാത്രം ഏതാണ്ട് 1,000 നായ്ക്കളെ പിടികൂടി. തദ്ദേശസ്ഥാപനത്തിനൊപ്പം മൃഗസംരക്ഷണ വകുപ്പും പദ്ധതിയിലുണ്ട്. നായ പിടിത്തക്കാരെ കിട്ടാനില്ലാത്തതിനാല്‍ സാലിയുടെ സംഘത്തിന് വന്‍ ഡിമാന്‍ഡാണ്. മൃഗജനന നിയന്ത്രണ പദ്ധതി (എ.ബി.സി)ക്കായി പലയിടങ്ങളില്‍ നിന്നും വിളി വരുന്നുണ്ട്.

തെരുവ് നായ്ക്കളെ കൈകൊണ്ട് പിടിക്കാനുള്ള പരിശീലനമാണ് നേടിയിരിക്കുന്നത്. ബിസ്കറ്റ് നൽകി അടുത്തു കൂടും. പിന്നീട് കൈകൊണ്ട് പിടിച്ച്‌ വണ്ടിയിലാക്കും. അക്രമാസക്തരായ നായകളെ മാത്രം ബട്ടര്‍ഫ്ലൈ വല കൊണ്ട് പിടികൂടും. വണ്ടിയില്‍ യാത്ര നായകള്‍ക്കൊപ്പം കൂട്ടിലിരുന്നാണ്.

12 വയസ്സുള്ളപ്പോൾ ഒരു തെരുവ് നായ സാലിക്കൊപ്പം എന്നും സ്കൂളിലേക്കും തിരിച്ചും കൂട്ട് പോകുമായിരുന്നു. ഒരു ദിവസം സാലിയോടൊപ്പം വരികയായിരുന്ന നായയെ തെരുവ്നായ പിടിത്തക്കാര്‍ പിടികൂടി കണ്‍മുന്നില്‍ വച്ച് കൊന്നു. കൊല്ലരുതെന്ന് അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല. അന്ന് തീരുമാനിച്ചതാണ് നായ പിടിത്തക്കാരിയായി മാറി ഒരേ സമയം നായകളെ സംരക്ഷിക്കുകയും നാടിനെ രക്ഷിക്കുകയും ചെയ്യുമെന്ന്.

ജോലിയുടെ ഭാഗമായി എട്ട് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ രണ്ടായിരത്തോളം നായകളെ പിടിച്ചു. പാലക്കാട് ജില്ലയില്‍ എ.ബി.സി.ക്കായി തെരുവ് നായ്ക്കളെ പിടിച്ചത് സാലി ഒറ്റയ്ക്കാണ്. രാജ്യത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന 100 വനിതകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുണ്ട്. തൃശ്ശൂര്‍ വരടിയത്താണ് താമസം

Category: story | Comments: 0 | Page view : 7

Read More Related Articles