
എസ്.ബി.ഐ-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്ന പിഴത്തുക കുറക്കുന്നു. 75% വരെ പിഴത്തുകയാണ് കുറക്കുന്നത്. ഇക്കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 1771 കോടി രൂപയാണ് എസ്.ബി.ഐ ഉപഭോക്താക്കളില്‍ നിന്നും ഈടക്കിയിരുന്നത്.
മെട്രോ മേഖലകളില്‍ മിനിമം ബാലന്‍സ് 3000 നില നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ 50 രൂപയും ജി.എസ്.ടിയുമാണ് മാസം പിഴ ഈടാക്കിയിരുന്നത്. ഇത് പുതുക്കിയ നിരക്ക് അനുസരിച്ച് 15 രൂപയായി കുറക്കും. എന്നാല്‍ പുറമേ ജി.എസ്.ടിയുണ്ടാകും.
അര്‍ദ്ധ നഗര മേഖലകളില്‍ 2000 രൂപ നില നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ പിഴത്തുക 40 രൂപയും ജി.എസ്.ടിയും എന്നത് 12 രൂപയും ജി.എസ്.ടിയുമാക്കി കുറക്കും. ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായിരുന്ന മിനിമം ബാലന്‍സിന് പിഴത്തുക 10 രൂപയും ജി.എസ്.ടിയുമാക്കും.
മിനിമം ബാലന്‍സിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് വന്‍തുകയാണ് എസ്.ബി.ഐ ഈടക്കിയിരുന്നത്. ബാങ്കിന്റെ ഈ പകല്‍ക്കൊള്ളക്കെതിരെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ പിഴനിരക്ക് പ്രാബല്യത്തില്‍ വരും. എസ്.ബി.ഐയുടെ 25 കോടിയോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്ന നടപടി ആയിരിക്കും ഇതെന്ന് കരുതുന്നു.