പ്രണയവിവാഹത്തിന്‍റെ നൂറാംനാള്‍ മരണത്തിലേക്ക് പോയതും ഒരുമിച്ച്

By on

യാത്രകള്‍ ജീവനായിരുന്ന വിദ്യയും വിവേകും അവരുടെ പുതിയ യാത്രയെകുറിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. യാത്രക്കു മുമ്പേ അവര്‍ കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു. ഷെയര്‍ ചെയ്തു.

എന്നാല്‍, വിധി ആ യുവമിഥുനങ്ങളെ കൊണ്ടുപോയത് മരണത്തിലേക്കുള്ള വഴിയിലൂടെയാണ്. ജീവിച്ചു തീരും മുമ്പെ കാട്ടുതീയില്‍ വെന്തു മരിച്ച ഈറോഡ് സ്വദേശികളായ വിവേക് (28), വിദ്യ (26) എന്നിവർ നാടിന്‍റെ നൊമ്പരമായി.

വിവേകിന്‍റെ ബാല്യകാല സഖിയായിരുന്നു വിദ്യ. മുതിര്‍ന്നപ്പോള്‍ അവര്‍ക്കിടയില്‍ വളര്‍ന്ന പ്രണയത്തെ വീട്ടുകാർ എതിർത്തു. അപ്പോള്‍ കൂട്ടുകാരായ തമിഴ് ശെൽവനും കണ്ണനുമാണ് ഒപ്പം നിന്നത്. മുന്ന് മാസം മുമ്പാണ് അവരുടെ സഹായത്തോടെ വിദ്യയുടെയും വിവേകിന്‍റെയും വിവാഹം നടന്നത്. അങ്ങനെ ഈറോഡിൽ ഒരു വീടെടുത്ത് താമസവും തുടങ്ങി.

ദുബായില്‍ എഞ്ചിനീയറായിരുന്ന വിവേക് കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും വിദ്യയെ ദുബായിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടത്തുകയുമായിരുന്നു. പ്രണയവിവാഹത്തിന്‍റെ 100ാം ദിവസം ഇരുവരും ഈറോഡിലെ ക്ഷേത്രത്തില്‍ പോവുകയും കുരങ്ങിണി മലയിലേക്കുള്ള സാഹസിക യാത്രക്ക് പുറപ്പെടുകയും ചെയ്തു.

ബന്ധുക്കള്‍ എതിര്‍ത്തപ്പോള്‍ ഒപ്പം നിന്നു വിവാഹം നടത്തിക്കൊടുത്ത കൂട്ടുകാരായിരുന്നു വിവേകിനും വിദ്യയ്ക്കും എല്ലാം. തേനി കുരങ്ങിണി മലയിലെ ട്രക്കിങ് കൂട്ടുകാരോടൊത്തുള്ള ഒരു കൂടിച്ചേരലായായിരുന്നു അവർക്ക്.

കാടിനുള്ളില്‍ കൊളുക്കുമലയില്‍ തങ്ങിയതിനുശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്പോഴാണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനത്തില്‍ കാറ്റ് വീശിയതും തീയാളി പടര്‍ന്നു.

വിദ്യക്കും വിവേകിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വിദ്യയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും കത്തിയെരിഞ്ഞപ്പോള്‍ വിവേക് തന്‍റെ പകുതി കത്തിയ വസ്ത്രം അവള്‍ക്ക് നല്‍കിയിരുന്നു. ഇരുവരും രക്ഷപ്പെട്ടില്ല, കാട്ടുതീയില്‍ അവര്‍ വെന്തുരുകി.

കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പൊള്ളലേറ്റവരുടെയും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് ഒാടിയെത്തിയെങ്കിലും വിദ്യയുടെയും വിവേകിന്‍റെയും ബന്ധുക്കൾ അവരുടെ മരണത്തിലും അകന്നു തന്നെ നിന്നു. വൈകിയെങ്കിലും അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ സമ്മതിച്ചു.

കുട്ടിക്കാലം മുതല്‍ വിദ്യക്കും വിവേകിനുമൊപ്പം കളിച്ചുവളര്‍ന്ന അവരുടെ പ്രണയത്തിന് കാവലായ ആത്മമിത്രം കണ്ണനും കാട്ടുതീയില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നു. താന്‍ ജീവനുതുല്യം സ്നേഹിച്ച പ്രിയമിത്രങ്ങള്‍ കാട്ടുതീയില്‍ വെന്തമര്‍ന്നത് അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല.

Category: story | Comments: 0 | Page view : 0

Read More Related Articles