കഠിനമായ വേനല്‍ച്ചൂടില്‍ നിന്നും രക്ഷക്ക് പച്ചമരുന്നുകളും സുഗന്ധവ്യഞ്ജനങ്ങളും

By on

അതികഠിനമായ വേനലാണ് നമ്മളെ കാത്തിരിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി. വേനല്‍ കനക്കുന്നതിനൊപ്പം ആരോഗ്യത്തിന്റെ കാര്യവും കുഴപ്പത്തിലാകും. ആരോഗ്യം, ചര്‍മം, മുടി എന്നിവയെക്കുറിച്ചൊക്കെ വ്യാകുലപ്പെടുന്ന കാലമാണ് വേനല്‍. ഇന്ത്യയുടെ പലഭാഗത്തും 40 ഡിഗ്രിക്കു മുകളില്‍ കൊടും ചൂട് അനുഭവപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ ശരീരത്തെ സഹായിക്കുന്ന ഒറ്റമൂലികളെക്കുറിച്ചറിയുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഔഷധ സസ്യങ്ങളെയും സുഗന്ധവ്യഞ്ജനങ്ങളെയും കുറിച്ച് മനസ്സിലാക്കാം.

മല്ലി : രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന മല്ലിക്ക് ഔഷധഗുണം ഏറെയാണ്. പൊട്ടാസ്യം, ഇരുമ്പ്, വൈറ്റമിനുകളായ എ, കെ, സി, ഫോളിക് ആസിഡ്, മഗ്‌നീഷ്യം എന്നിവയുടെ വലിയ സ്രോതസ്സാണ് മല്ലി. തൊലിപ്പുറത്തുള്ള എരിച്ചില്‍, ചിക്കന്‍പോക്‌സ് തുടങ്ങിയ അസുഖങ്ങള്‍ വേനല്‍ക്കാലത്ത് ഉണ്ടാകുന്നതു മല്ലി തടയും. വിശപ്പ് വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മല്ലി സഹായിക്കും. മല്ലി ചതച്ചു വെള്ളത്തിലിട്ട് ആ വെള്ളം ഒരു രാത്രി സൂക്ഷിച്ചുവച്ച് പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് വെറും വയറ്റില്‍ കഴിക്കാം.

പെരുംജീരകം : പെരുംജീരകത്തിനു ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. വെള്ളത്തോടൊപ്പം കുടിക്കുന്നതും ചവയ്ക്കുന്നതും വേനല്‍ച്ചൂടിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

പുതിനയില : പച്ചയായി കിട്ടാന്‍ ഏറ്റവും എളുപ്പമുള്ള ചെടിയാണ് പുതിന. നൂറുകണക്കിന് ഇനത്തില്‍ പെട്ട പുതിന വിവിധ പേരുകളില്‍ ലഭ്യമാണ്. പുതിനയും കര്‍പ്പൂര തുളസിയും വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ ഏറ്റവും നല്ലതാണ്. ശരീരോഷ്മാവ് ഉയരാതെതന്നെ ദഹനത്തെ സഹായിക്കാനും വിയര്‍പ്പ് കുറയ്ക്കാനും പുതിനയ്ക്ക് കഴിവുണ്ട്. ചമ്മന്തി പോലുള്ള വിഭവങ്ങളില്‍ ചേര്‍ത്ത് ഇതുപയോഗിക്കാം.

നെല്ലിക്ക : ഇന്ത്യന്‍ ഗൂസ്‌ബെറി എന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇതിനു പുറമേ ഫോസ്ഫറസ്, ഇരുമ്പ്, വൈറ്റമിന്‍ ബി കോംപ്ലെക്‌സ്, കരോട്ടിന്‍, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിനുകളുടെയും മിനറലുകളുടെയും കലവറയായ നെല്ലിക്ക മുഖക്കുരു, കറുത്തപാടുകള്‍, വരണ്ട ചര്‍മം എന്നിവയ്ക്കും ഫലപ്രദമാണ്. ശരീരത്തില്‍ ജലാംശം കുറയുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് നെല്ലിക്ക ഫലപ്രദമാണ്. ജലാംശം ഏറെയുള്ള നെല്ലിക്ക ദഹനവ്യൂഹത്തില്‍നിന്ന് അധികമായുള്ള പിത്തച്ചൂടിനെ നീക്കം ചെയ്യുകയും ശരീരത്തില്‍നിന്ന് വിഷാംശം നീക്കം ചെയ്ത് ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും.

ഇഞ്ചി : വേനല്‍ക്കാലത്തെ ആരോഗ്യ പ്രശ്‌നങ്ങളായ ദഹനക്കുറവ്, വിശപ്പില്ലായ്മ, തളര്‍ച്ച എന്നിവയ്ക്ക് ഇഞ്ചി ഫലം ചെയ്യും. ഒരു കഷ്ണം ഇഞ്ചി ഉപയോഗിച്ചാല്‍ വിശപ്പില്ലായ്മയും ദഹനത്തകരാറുകളും ഉടനടി പടികടക്കും. ശക്തിയേറിയ ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിമൈക്രോബല്‍ ഘടകങ്ങളുമുള്ള ഇഞ്ചി എല്ലാ സീസണിലും ഉപയോഗിക്കാന്‍ കഴിയും. ഇഞ്ചി ഉപയോഗിക്കുന്നത് ചര്‍മത്തിനും മുടിക്കും ഭംഗി നല്‍കാനും സഹായിക്കും.

ഏലയ്ക്ക : ശരീരം തണുപ്പിക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. നാരങ്ങാവെള്ളത്തില്‍ രണ്ടു മൂന്ന് ഏലയ്ക്ക പൊടിച്ചു ചേര്‍ത്ത് കഴിക്കുന്നത് ദിവസം മുഴുവന്‍ പ്രസരിപ്പു നല്‍കും. ശരീരത്തിലെ വിഷാംശം നീക്കാനും സഹായിക്കും. ദഹനക്കുറവു മാറ്റി വിശപ്പുണ്ടാക്കാനുള്ള കഴിവും ഏലക്കയ്ക്കുണ്ട്.

കറ്റാര്‍വാഴ : വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഏറ്റവും സഹായകമാണ് കറ്റാര്‍വാഴ എന്ന അലോവേര. ശരീരത്തില്‍ വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പിന് ഏറ്റവും ഫലപ്രദമാണ്. എല്ലാത്തരം ചര്‍മങ്ങളുടെയും വരള്‍ച്ച ഇല്ലാതാക്കാന്‍ കറ്റാര്‍വാഴയ്ക്കു കഴിവുണ്ട്. കറ്റാര്‍വാഴയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി മൈക്രോബല്‍ ഘടകങ്ങള്‍ മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവയ്ക്കു പ്രതിവിധിയാണ്. പ്രാണികള്‍ കടിച്ചുണ്ടാകുന്ന ക്ഷതവും മുറിവും ഉണക്കാന്‍ കറ്റാര്‍വാഴ ഫലപ്രദമാണ്. കറ്റാര്‍വാഴയുടെ പുറംതൊലി ചീകിക്കളഞ്ഞ ശേഷം അതിനുള്ളിലെ ജെല്‍ ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കാം. ശരീരത്തില്‍ ജലാംശം കൂട്ടാന്‍ കറ്റാര്‍വാഴ കഴിക്കുകയും ചെയ്യാം.

Category: Health | Comments: 0 | Page view : 7

Read More Related Articles