പ്രണയിക്കുന്ന ആളോട് അക്കാര്യം തുറന്ന് പറയാന്‍ മടിയുണ്ടോ ? നിങ്ങളെ രഹസ്യമായി പ്രണയിക്കുന്നുണ്ടോ എന്നറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

By on

ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം.

മനുഷ്യബന്ധങ്ങൾ ഉടലെടുത്ത അന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ-ട്രാൻസ്ജൻഡർ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. കൂടാതെ സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും പ്രണയം തോന്നാം. ഇതിനെ ‘സ്വവർഗപ്രണയം’ എന്ന് അറിയപ്പെടുന്നു. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ.

പരസ്പരം മനസിലാക്കുന്ന വ്യക്തികളുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്ന വികാരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള ‘വാലെന്റൈൻസ് ദിനം’ ലോക പ്രണയദിനമായി ആചരിച്ചു വരുന്നു.

പ്രണയത്തിന്റെ രസതന്ത്രം
ശാസ്ത്രീയമായി തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. അതിനാൽ ഇവയുടെ ഏറ്റക്കുറച്ചിൽ മൂലം പ്രണയം തീവ്രമാകാനും കുറയാനും സാധ്യതയുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പൊതുവേ കൗമാരപ്രായക്കാരിൽ കാണപ്പെടുന്ന ആകർഷണവും പ്രണയവും അവരുടെ ലൈംഗികവളർച്ചയുടെ ഭാഗമായി കാണപ്പെടുന്നതാണ്. ഇത് തികച്ചും സ്വാഭാവികവുമാണ്. ഇണയെ ആകർഷിക്കാനുള്ള ജൈവീകമായ പ്രചോദനത്തിന്റെ ഭാഗമായും പ്രണയം വിലയിരുത്തപ്പെടുന്നു.

പ്രണയിക്കുന്ന ആളോട് അക്കാര്യം തുറന്ന് പറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. അത് കൊണ്ട് തന്നെ ലോകത്ത് ആളുകളുടെ മനസ്സില്‍ ഉടലെടുക്കുന്ന പ്രണയങ്ങളില്‍ ഏറെയും പരസ്പരം പങ്ക് വയ്ക്കപ്പെടാതെ പോകുന്നവയാണ്. എന്നാല്‍ ചിലരെങ്കിലും പ്രണയം തുറന്ന് പറയാതെ തന്നെ അവരുടെ പ്രണയം അറിയിക്കുന്നവരാണ്. അത് പോലെ തന്നെ തുറന്ന് പറയാതെ തന്നെ മറ്റൊരാളുടെ പ്രണയം മനസ്സിലാക്കാന്‍ കഴിയുന്നവരും ഉണ്ട്. താഴെ പറയുന്ന ലക്ഷണങ്ങള്‍ ഒരാളില്‍ നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളെ രഹസ്യമായി പ്രണയിക്കുന്നു എന്നതാണ് അർഥം.

ഏത് കാര്യത്തിലും നിങ്ങൾക്കൊപ്പം
പ്രണയം മനുഷ്യരെ അന്ധരാക്കും എന്നത് രഹസ്യമായി പ്രണയിക്കുന്നവരുടെ കാര്യത്തിലും ഏറെക്കുറെ ശരിയാണ്. അത് കൊണ്ട് തന്നെ സ്വയം മറന്നാകും പല അവസരങ്ങളിലും അവര്‍ തങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഇടപെടുക. ആരെങ്കിലും നിങ്ങളെ കളിയാക്കുമ്പോഴോ, അപമാനിക്കുമ്പോഴോ നിങ്ങളെ ന്യായീകരിക്കാനും പ്രതിരോധിക്കാനും അവര്‍ പെട്ടെന്ന് തന്നെ മുന്നോട്ട് വരും. ഇത് മാത്രമല്ല നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങളുണ്ടായാല്‍ മറ്റെല്ലാം മാറ്റി വച്ച് അവര്‍ നിങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരും.

നിങ്ങളെപ്പോഴും അവര്‍ക്ക് ‘സ്പെഷൽ’
നിങ്ങളെക്കുറിച്ച് സാദ്ധ്യമായ എല്ലാ കാര്യങ്ങളും അറിയാന്‍ അവര്‍ ശ്രമിക്കും. അത് ഒരിക്കലും നിങ്ങളെ വിലയിരുത്താനായിരിക്കില്ല മറിച്ച നിങ്ങളെക്കുറിച്ച് അറിയാനുള്ള കൗതുകം കൊണ്ടായിരിക്കും. നിങ്ങളുടെ കുട്ടിക്കാലം മുതല്‍ കുടുംബം വരെയുള്ള കാര്യങ്ങള്‍ അറിയാന്‍ അവര്‍ അതിയായ താല്‍പര്യം പ്രകടിപ്പിക്കും. ഇതെല്ലാം നിങ്ങളെ അവര്‍ വല്ലാതെ ഇഷ്ടപ്പെടുന്നു എന്നതിന്‍റെ തെളിവാണ്.

സ്ഥിരമായി കണ്ട് മുട്ടാനുള്ള സാഹചര്യങ്ങളൊരുക്കുക
പ്രണയിക്കുന്നതിന് വേണ്ടി ഒരാളെ നിരന്തരം പിന്തുടരുന്നതും അത് ശല്യമാകുന്നതും അത്ര നല്ല കാര്യമല്ല. പക്ഷെ നിങ്ങളെ രഹസ്യമായി പ്രണയിക്കുന്നവര്‍ നിങ്ങളെ പിന്തുടരുകയാണെന്ന് മനസ്സിലാക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പോലും സാധിച്ചേക്കില്ല. കാരണം അവര്‍ നിങ്ങള്‍ക്ക് ഒരിക്കലും ശല്യമായി പ്രത്യക്ഷപ്പെടുകയില്ല.

നിങ്ങളുമായി നിരന്തരം കണ്ട് മുട്ടാനും കൂടുതല്‍ സമയം ചിലവഴിക്കാനും അവര്‍ സാഹചര്യം ഉണ്ടാക്കിയെന്ന് വരും. ഒരുമിച്ച് ജോലി ചെയ്യുന്നവരാണെങ്കില്‍ നിങ്ങള്‍ വരുന്നതും പോകുന്നതുമായി സമയത്തിന് അനിസരിച്ച് അവരും സ്വന്തം യാത്ര ക്രമീകിരിക്കും. ഇങ്ങനെ ഒരുമിച്ച് പോകാനും വരാനുമുള്ള സാഹചര്യമൊരുക്കും. ഇങ്ങനെ നിങ്ങള്‍ക്ക് കടന്ന് കയറ്റമായി തോന്നാത്ത രീതിയിലാകും അവര്‍ നിങ്ങളെ പിന്തുടരുന്നത്.

നിങ്ങൾപോലും അറിയാത്ത ആ ‘സ്പര്‍ശങ്ങള്‍’
സംസാരത്തിനിടയില്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കയ്യില്‍ തൊടുന്നത് മുതല്‍ കളിയായി ദേഹത്ത് പതിയെ ഇടിക്കുന്നത് വരെ ഇതില്‍ പെടുന്നു. ഇത്തരം സ്പര്‍ശനങ്ങള്‍ അവര്‍ ബോധപൂര്‍വം തന്നെ ചെയ്യുന്നതായിരിക്കും. അതൊരിക്കലും ലൈംഗികത കലര്‍ന്നതായിരിക്കില്ല, മറിച്ച് നിങ്ങളുടെ സാമീപ്യത്തിലുണ്ടാകുന്ന സന്തോഷം മൂലമുള്ള സ്പര്‍ശങ്ങളായിരിക്കും.

നിങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന തമാശകള്‍
നിങ്ങളെ പ്രണയിക്കുന്നവര്‍ നിങ്ങളോട് വൈകാരികമായി സംവദിക്കാന്‍ ശ്രമിക്കുന്നവയില്‍ ഒന്നാണ് തമാശകള്‍. അത് എല്ലാവരോടും പറയുന്ന തമാശകളല്ല മറിച്ച് നിങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന , അല്ലെങ്കില്‍ നിങ്ങള്‍ മാത്രമുള്ളപ്പോള്‍ പറയുന്ന തമാശകളായിരിക്കും. ഈ തമാശകള്‍ നിങ്ങൾക്ക് താല്‍പ്പര്യമുള്ള സംഭവങ്ങളുമായും ആശയങ്ങളുമായും മാത്രം ബന്ധപ്പെട്ടവയായിരിക്കും.

നിങ്ങളുടെ പ്രണയബന്ധങ്ങള്‍ അവരെ അസ്വസ്ഥരാക്കും
എപ്പോഴും നിങ്ങള്‍ പറയുന്നതെന്തും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരും അതിന് ചെവി കൊടുക്കുന്നവരുമായിരിക്കും നിങ്ങളെ രഹസ്യമായി പ്രണയിക്കുന്നവര്‍. പക്ഷെ നിങ്ങളുടെ പ്രണയത്തെക്കുറിച്ച്, അത് കഴിഞ്ഞ് പോയതായാലും ഇപ്പോഴുള്ളതായാലും അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകും. നിങ്ങൾ അത്തരം കാര്യങ്ങൾ പറയുമ്പോൾ അവർ അതിൽനിന്ന് ഒഴിഞ്ഞ്മാറുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാവും.

നിങ്ങളെ നോക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല
ഒളിഞ്ഞും തെളിഞ്ഞും പറ്റുമ്പോഴെല്ലാം നിങ്ങളെ കാണാന്‍ അവര്‍ ശ്രമിച്ചെന്നിരിക്കും. നിങ്ങളെ കാണാനുള്ള ഒരുവസരവും അവര്‍ പാഴാക്കില്ല. പക്ഷെ അവരുടെ നോട്ടം തിരിച്ചറിഞ്ഞ് നിങ്ങള്‍ അവരെ നോക്കിയാല്‍ അവര്‍ നോട്ടം പിന്‍വലിച്ചിരിക്കും.

ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര
ഈ പഴഞ്ചൊല്ലിന് സമാനമാകും നിങ്ങളുടെ മുന്നിലെത്തുമ്പോഴുള്ള അവരുടെ അവസ്ഥ. മറ്റുള്ളവരുടെ മുന്നില്‍ എത്ര അത്മവിശ്വാസത്തോടെയും ഗൗരവത്തോടെയും പെരുമാറിയാലും നിങ്ങളുടെ മുന്നിലെത്തുമ്പോള്‍ അവര്‍ കാര്യമില്ലാതെ തന്നെ പതറി പോകും. പലപ്പോഴും സംസാരിക്കാന്‍ വന്ന കാര്യം തന്നെ മറന്ന് പോവുകയോ, സംസാരിക്കുമ്പോള്‍ വാക്കുകള്‍ പോലും ലഭിക്കാതെ വരികയും ചെയ്യും. ഇതെല്ലാം നിങ്ങളോടുള്ള അവരുടെ പ്രണയത്തിന്‍റെ ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങളെല്ലാം നിങ്ങളെ രണ്ട് തരത്തില്‍ സഹായിക്കും. ഒന്ന് ഒരാളുടെ പ്രണയം തിരിച്ചറിഞ്ഞ് അവരോട് നിങ്ങള്‍ക്ക് അതേ തോന്നലുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുക എന്നതാണ് ആദ്യത്തേത്. ഇല്ലെങ്കില്‍ അവര്‍ക്ക് അമിത പ്രതീക്ഷ കൊടുക്കാതെ നിങ്ങളുടെ നിലപാട് നേരിട്ടോ അല്ലാതെയോ അവരെ അറിയിക്കാനും ഈ ലക്ഷണങ്ങള്‍ ഉപകരിക്കും.

READ MORE:        ചില മാവുകള്‍ പൂക്കില്ല ! ചിലതില്‍ കുറച്ച് പൂക്കളുണ്ടാകും ! ഈ സൂത്രങ്ങൾ പ്രയോഗിച്ചാല്‍ മാവ് ഉടന്‍ പൂക്കും !      


Read More Related Articles