ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ വിളിക്കുന്ന ഫലസ്തീനി അഭയാര്‍ഥി ബാലന്‍റെ കഥ പറയുന്ന സംഗീത വീഡിയോ വൈറലാകുന്നു.

സൈന്‍ റമദാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ, ഉത്തരകൊറിയ നേതാവ് കിം ജോങ് ഉൻ, ജർമൻ ചാൻസലർ ആംഗെല മെർക്കൽ തുടങ്ങിയ ലോക നേതാക്കളെ ഇഫ്താർ വിരുന്നിന് ക്ഷണിക്കുന്ന കുട്ടി ആണ് മ്യൂസിക് വീഡിയോയിലെ കേന്ദ്രകഥാപാത്രം. തന്‍റെ രാജ്യമായ ഫലസ്തീന്‍ നേരിടുന്ന നിലനിൽപ് ഭീഷണിയും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ലോകനേതാക്കൾക്ക് മുൻപിൽ വിവരിക്കുന്നതു പോലെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ലോകക്രമത്തെ കൂടി ഈ കലാസൃഷ്ടി ചോദ്യം ചെയ്യുന്നുണ്ട്. ഹെബ മെഷാരിയുടെതാണ് വരികൾ. സമീർ അബൂദ് ആണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. വീഡിയോയുടെ അവസാനം തങ്ങളുടെ ഇഫ്താര്‍ ഫലസ്തീന്‍റെ തലസ്ഥാനമായ ജെറുസലേമിലായിരിക്കും എന്ന് കുട്ടി ട്രംപിനോട് വെളിപ്പെടുത്തുന്നുണ്ട്. അറബ് ലോക നേതാക്കളുടെ കൈപിടിച്ച് അൽ അഖ്സ പള്ളിയിലേക്ക് നടന്നുനീങ്ങുന്ന കുട്ടിയിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങിയ സംഗീത വീഡിയോ രണ്ട് ദിവസം കൊണ്ട് 20 ലക്ഷത്തോളം പേരാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!